Wednesday 10 September 2014

വര്‍ഷം 2033. ചിങ്ങ മാസത്തിലെ അശ്വതി നാള്‍



വര്‍ഷം 2033. ചിങ്ങ മാസത്തിലെ അശ്വതി നാള്‍. അപ്പുകുട്ടന്‍ അച്ഛനുമൊപ്പം നടക്കാന്‍ ഇറങ്ങിയതാണ്.  അച്ഛാ ഇന്നു നമ്മുടെ നാട്ടില്‍ എല്ലാവരും വന്‍  ആഘോഷം ആണല്ലോ. എല്ലാവരും ആടി ആടി നടക്കുന്നത് എന്താണ്?

മോനേ ഇന്നല്ലേ ആ സുദിനം. വര്‍ഷത്തില്‍ ഒരിക്കല്‍ മാലോകര്‍ക്ക് സന്തോഷിക്കാന്‍ ഉള്ള ദിവസം.

അച്ഛാ... ഇന്നു മാത്രം സന്തോഷിക്കുന്നത് എന്തിനാണ്. എല്ലാദിവസവും സന്തോഷം നല്ലതല്ലേ.

മോനേ ഇതിനു പിന്നില്‍ വലിയ ഒരു കഥയുണ്ട്. അച്ഛന്‍ പറഞ്ഞു തരാം.

പണ്ട് പണ്ട് കേരളത്തില്‍ ഉമ്മച്ചന്‍ എന്ന പേരില്‍ ഒരു മഹാരാജാവ് ഭരിച്ചിരുന്നു.  അതിവേഗം ബഹുദൂരം ആയിരുന്നു രാജാവിന്റെ ഭരണ ശൈലി. പ്രജകള്‍ എല്ലാവരും സന്തുഷ്ടരായിരുന്നു.  ഈ രാജാവിന്റെ ഭരണത്തില്‍ അസൂയാലുക്കളായ ഒരു പറ്റം അസുരന്മാര്‍ അദ്ദേഹത്തിന് പാര പണിതു.

ആദ്യം നര്‍ത്തകി സരിതയെ ഇറക്കി നോക്കി...രാജാവ് വീണില്ല. പിന്നീടു രാജാവ് നടക്കുന്ന വഴിയില്‍ പാമോയില്‍ ഒഴിച്ചു. എന്നിട്ടും ഉമ്മന്‍ രാജാവ് വീണില്ല. പിന്നീടു കൊട്ടാരത്തില്‍ ടൈറ്റാനിയം ബോംബു  പൊട്ടിച്ചു നോക്കി. എന്നിട്ടും മിടുക്കനായ രാജാവ്‌ രക്ഷപ്പെട്ടു.

അവസാനം പതിനെട്ടാം അടവായി സുധീരന്‍ എന്ന വാമനനെ ഇറക്കി. ഭിക്ഷ ആയി മൂന്നു ആവശ്യങ്ങള്‍ സാധിച്ചു തരാം എന്ന് രാജാവ് വാമനന് വാക്ക് കൊടുത്തു.

ഒന്നാമതായി കേരളത്തിലെ 418 ബാറുകള്‍ പൂട്ടണം എന്നു വാമനന്‍ ആവശ്യപെട്ടു.  രാജാവ് സമ്മധിച്ചു. രണ്ടാമതായി ബാക്കി 312 ബാറുകള്‍ പൂട്ടണം എന്ന ആവശ്യവും രാജാവ് സമ്മധിച്ചു. ഇത് കൊണ്ട് ഒന്നും വാമനന്‍ തൃപ്തി ആയില്ല. അവസാനം കേരളത്തിലെ എല്ലാ മദ്യ ഷാപ്പുകളും നിര്‍ത്തണം എന്ന ആവശ്യം അംഗീകരിച്ചു കൊടുക്കണ്ടി വന്ന രാജാവ്‌ പാതാളത്തിലേക്ക്‌ ഒളിച്ചു ഓടേണ്ടി വന്നു.

എല്ലാ വര്‍ഷവും ചിങ്ങ മാസത്തിലെ അശ്വതി നാള്‍ (September 12) പ്രജകള്‍ക്കു പഴയ നല്ല കാലം അയവിറക്കാന്‍ പാതാളത്തില്‍ നിന്നും ലോഡ്‌ കണക്കു  വാറ്റുമായി  പ്രജകളെ കാണാന്‍ വരാന്‍ വാമനന്‍ രാജാവിനു അനുമതി നല്‍കി.

അന്നു മുതല്‍ എല്ലാവര്‍ഷവും ഇന്നത്തെ ദിവസം, ചിങ്ങ മാസത്തിലെ അശ്വതി നാള്‍ മലയാളികള്‍ എല്ലാം മറന്നു ആഘോഷം പൊടി പൊടിക്കുന്നു.



2 comments:

നന്ദു കാവാലം said...

വളരെ നല്ല സങ്കല്‍പ്പം. താങ്കളുടെ പേരില്‍ ഇത് റേഡിയോ പ്രോഗ്രാമില്‍ വായിക്കുന്നുണ്ട്

Joji said...

kollaam